Saturday, November 20, 2010

Mumpil Ayaal; Purakil Njaan ( Short Story Part 1)

മുന്‍പില്‍ അയാള്‍; പുറകില്‍ ഞാന്‍

''ഞങ്ങള്‍ അഞ്ചുപേരും പതിനെട്ടു രൂപയില്‍ തൃപ്തരാണ്.. നേഴ്സും സിവിലും കൂടി ഓരോരോ സിഗരെറ്റില്‍ രണ്ടര രൂപാവീതം നിക്ഷേപിച്ചു. ഞാന്‍ ഉപ്പിട്ട ഒരു സോഡാ നാരങ്ങാവെള്ളം കുടിച്ചു.., സേഫ്റ്റിയും  സുന്ദരനും കൂടി ഈരണ്ടു പഴം വീതം തിന്നുന്നു. പോരാത്തതിന് നാരങ്ങാവെള്ളത്തില്‍ ഒഴിക്കാനായി ഞാന്‍ മാറ്റിവെച്ച സോഡയും ഇരുവരും പങ്കിട്ടു. നേഴ്സ്നു  ചുറ്റുപാടുകളിലാണ്, ശ്രദ്ധ എങ്കില്‍ സിവില്‍ സിഗരെറ്റില്‍ത്തന്നെ... സുന്ദരന്‍ വഴിയെ പോകുന്ന ഒരു തെരുവ് നായയെ ശ്രദ്ധിക്കുന്നു., സേഫ്റ്റിയുടെ കാര്യം കൃത്യമായിട്ടറിയില്ല. പുള്ളിയുടെ കാര്യത്തില്‍ അത്ര വലിയ കാര്യമായിരിക്കില്ല. എന്തെങ്കിലുമൊക്കെ ചിന്തിക്കുന്നുണ്ടാവും.., ഇന്നതുതന്നെ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ഞാന്‍ നാല് പേരെയും പഠിക്കുന്നു., വേറെന്തു ചെയ്യാന്‍..!

          ആര്‍ത്തിയിട്ട് കുടിച്ച സോഡയുടെ ഗ്യാസ്, സേഫ്റ്റിയുടെ ചിന്താശകലങ്ങളെ മറികടന്നു പുറത്തു വരുന്നൂ... ഞങ്ങളില്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല., മാറുന്നത് ലോകമാണ്., മാറ്റമൊഴിഞ്ഞിട്ടു നേരമില്ലതാനും..!

      ഞങ്ങള്‍ മൊത്തം അഞ്ചുപേര്‍.. ഏകദേശം ഒരേ നാട്ടുകാര്‍, ചിലര്‍ സഹപാഠികള്‍, മറ്റു ചിലര്‍ പരിചയക്കാര്‍, സേഫ്റ്റി ഒഴികെ ഞങ്ങള്‍ നാലുപേര്‍ ഒരേ പ്രായക്കാര്‍.പക്വത കൊണ്ട് സേഫ്റ്റി തീരെ ഇളപ്പവും... 
            കൂട്ടത്തില്‍  ഞാന്‍, ബിരുദ വിഷയങ്ങളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ട് അതിന്‍റെ പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം; ജീവിതത്തിലെ പുതിയ പരീക്ഷണങ്ങല്‍ക്കായും.. തടിയന്‍.!, എത്ര മറച്ചുവെച്ചാലും കുറേനേരം സംസാരിക്കുമ്പോള്‍ തനിയെ പുറത്തു വരുന്ന ഒരുതരം വൈകല്യത്തിനുടമസ്ഥന്‍. കറുപ്പോ വെളുപ്പോ എന്ന് ഞാന്‍  എങ്ങനെ കൃത്യമായി പറയും, കാരണം, എന്നെ  ഞാന്‍ കാണുന്നേയില്ലല്ലോ.. പക്ഷെ, ഒന്നറിയാം; ഞാന്‍ മാറിയിട്ടില്ല. എന്നാല്‍ സുന്ദരന്‍റെ കാര്യമങ്ങനെയല്ല., എന്നെ സംബദ്ധിച്ചടത്തോളം ഓരോ നിമിഷത്തിലും അവന്‍ മാരിക്കൊണ്ടിരിക്കുന്നു. ഒരു നിമിഷം എനിക്ക് പ്രിയപ്പെട്ടവനെങ്കില്‍., മറുനിമിഷം വിരോധിയാകും. അതിന്‍റെ രഹസ്യം അറിയുന്ന നാള്‍ പരസ്പരം വേര്‍പിരിയും എന്നതാണ് വാസ്തവം.

            ഞാനും അവനും ഒരേ തോണിയിലെ ഒരേ തൂവല്‍പക്ഷികള്‍.... ഒരു ചെറിയ വ്യത്യാസമെന്തെന്നാല്‍., എനിക്ക് ബിരുദവിഷയങ്ങളില്‍ മൂന്നു തൂവലുകള്‍ നഷ്ടമായി; അവന് ഒന്നും.. ഫലത്തില്‍ എല്ലാം ഒന്നുതന്നെയാണെന്ന് ഇപ്പോള്‍ തോന്നുന്നു. അവന്‍ നല്ലവനാ.. അധ്വാനിക്കുന്ന നേരത്ത് അദ്ധ്വാനിക്കുകയും ബാക്കി സമയം മടിച്ചിരിക്കുകയും ചെയ്യും. കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ എന്ന് ഭാവം. അവന്‍റെയുള്ളിലെ ആ സ്വഭാവം എനിക്കേ അറിയാവൂ... വഴിയെ പോകുന്ന പട്ടിയെ കാണുകയെങ്കില്‍ തന്‍റെ സൗന്ദര്യവുമായി തട്ടിച്ചു നോക്കുന്ന സുന്ദരനായ പാവം.!


            സിവിലിനെ എനിക്ക് കുറെയൊക്കെ അറിയാം.., അല്ലാ., അതു കള്ളമാണ്, ശരിക്കും അറിയാം. എനിക്കേറ്റവും പ്രിയപ്പെട്ടവന്‍. ആളിലെ ചില ശീലങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ കൂട്ടത്തിലെ ഏറ്റവും സമര്‍ഥന്‍. എന്നാല്‍ ഇതേ ശീലങ്ങള്‍ അവനെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നു... എന്നില്‍ നിന്നവന്‍ അകലില്ലാ., എന്റെ സത്യമുള്ള ഒരുതരം പ്രത്യാശ. സിവില്‍ എന്നാ വിഷയത്തില്‍ ഒരുമാതിരി അറിവ് നേടിയവന്‍., ആഗ്രഹം മറ്റൊന്നും.. അതു ആരുമായും പങ്കുവെയ്ക്കില്ല.., കുറെയൊക്കെ എനിക്കറിയാമെങ്കിലും ഞാനത് പുറത്തു പറയുകയുമില്ല.


       നേഴ്സ് ശരിക്കും പൂച്ചയാണ്.. നല്ല ഒന്നാതരം കണ്ടന്‍പ്പൂച്ച. ഞങ്ങളറിയാതെ അവന്‍ ഇഷ്ടംപോലെ പാലുകുടിച്ചിട്ടുണ്ട്.. അവന്‍റെ വിചാരം,ഞങ്ങള്‍ക്കറിയില്ല എന്നാണ്. ഞങ്ങള്‍ക്കവനെ നഷ്ടമായാലോ എന്ന് ഭയന്ന്, ഞങ്ങളത് തിരുത്താനും പോയിട്ടില്ല.. ഞങ്ങള്‍ അവന്‍റെ ജീവിതത്തില്‍ ഇല്ലായിരുന്നെങ്കില്‍, ഇതിനോടകം അവന്‍ ശരിക്കും മറ്റൊരാളായേനെ.. ഇന്നാര്‍ക്കും അറിയാത്ത മറ്റൊരാള്‍..! ആളിപ്പോള്‍ ആരോഗ്യ മേഖലയില്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.

            
            സേഫ്റ്റി, ഞങ്ങള്‍ക്കെല്ലാം ചേട്ടനെ പോലെയാണ്.. പ്രായം കൊണ്ടു മാത്രം.. പുതിയ വിദ്യാഭ്യാസപരിഷ്കരണ സമ്പ്രദായത്തില്‍
ഒന്നായ സേഫ്റ്റി എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ്, മൊബൈല്‍ ജീവിതം., മറ്റെന്തൊക്കെയോ അനുഭവങ്ങള്‍ നല്‍കുന്നു. ആരുമായും പങ്കുവെക്കാന്‍ പറ്റാത്ത ഒരുതരം പ്രത്യേകതരം അനുഭവം. ആള് ശുദ്ധനാണ്. പക്ഷെ ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്നാണ് പഴമൊഴി., നാളിതുവരെ അങ്ങനെയൊന്നു ഉണ്ടായിട്ടില്ല..

               ലഹരിക്കും മേലെയുള്ള കുറെ പുക മേഘങ്ങളില്‍ പരിസരം മുറുകുന്നു.
         സിഗരെറ്റ് എരിഞ്ഞമര്‍ന്നു...! നാരങ്ങവെള്ളം പതഞ്ഞുതീര്‍ന്നു...!
സോഡ പ്രത്യേകതരം വായുവായി മാറി...! 


               പഴങ്ങള്‍ അപ്രത്യക്ഷമായി; തൊലികള്‍ പ്രത്യക്ഷവും...!


                ഐവര്‍ക്കൂട്ടം കവലയില്‍ തുടരുന്നു.... ബാക്കി കിട്ടിയ  അമ്പതുപൈസാതുട്ട് ഞങ്ങളുടെ വിഹാരകേന്ദ്രമായ നാല്‍ക്കവലയിലെ ഞങ്ങള്‍ നില്‍ക്കുന്ന പെട്ടിക്കടക്ക് സമീപത്തുള്ള വിശുദ്ധമാതാവിന്‍റെ കുരിശ്ശടിയിലേക്ക് ഊര്‍ന്നുപോയി.




                     ഞങ്ങള്‍ അടുത്ത പതിനെട്ടിന്‍റെ നോട്ടുകളും, ചില്ലറകളും സ്വപ്നം കണ്ടു.


                                                                                (തുടരും...)

5 comments:

  1. Good Bhattu,,,
    continue this..
    interesting..really good writing.

    ReplyDelete
  2. എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു പക്ഷെ, ഈ ബാക്ക് ഗ്രൌണ്ട് വായന ആരോചകമാക്കുന്നു.

    ReplyDelete
  3. കൊള്ളാം
    ആശംസകള്‍

    ReplyDelete