Friday, January 27, 2017

Crop Circles - Short Story


കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതിയിലെ രാത്രിയിലാണ് ഞാന്‍ ദേശദ്രോഹിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. ഭാര്യയും കുട്ടികളുമൊത്ത് നാട്ടിലെ ഒരു തീയേറ്ററില്‍ ഹിന്ദി സംസാരിക്കുന്ന ഒരു സിനിമ കാണുവായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത്‌ ദേശീയ ഗെയിംസ് മത്സരം തുടങ്ങുന്ന സീനിന്റെ പൂർണതയ്ക്ക് വേണ്ടി സംവിധായകന്‍ ചിത്രീകരിച്ച സീനില്‍ ദേശീയഗാനം ഉണ്ട്. ആ ഗാനം കേട്ടിട്ട് ഞാന്‍ എഴുന്നേറ്റു നിന്നില്ല എന്നതാണ് എന്റെമേല്‍ ചുമത്തപ്പെട്ട കുറ്റം. എല്ലാവരുടെയും തുറിച്ചു നോട്ടങ്ങളെ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം പറയാം. ഞാന്‍ എന്റെ കണ്ണുകള്‍ അടച്ചു. എന്റെ മനസ്സില്‍ താളം മുഴങ്ങി. ഒച്ച അതിന്റെ പൂർണണതയില്‍ എത്തിയപ്പോള്‍ ഞാന്‍ കൺപോളകൾക്കുള്ളിലെ കണ്ണുകളെ ചലിപ്പിച്ചു. എന്റെ കണ്ണുകള്‍ തുറക്കപ്പെട്ട നിമിഷം അതിജീവനത്തിന്റെ വില ഞാന്‍ അറിഞ്ഞു. ഉയർന്നു  പൊങ്ങിയ കൊടുമുടി കീഴടിക്കിയ ഒരുവന്റെ വിജയാഹ്ലാദം എന്റെ മനസ്സില്‍ അലയടിച്ചു. എല്ലാവരും ഒരേപോലെ ഇരിക്കുന്നതിന്റെെ ഞരക്കങ്ങളില്‍ എന്റെ ശ്വാസം ഞാന്‍ മെല്ലെയുയർത്തി. തൊട്ടടുത്തിരുന്ന ഫാമിലിയിലെ ചെറുപ്പക്കാരനായ ഒരാള്‍ അയാളുടെ കുഞ്ഞിനെ എന്റെയടുത്തു നിന്നും  മാറ്റിയിരുത്തുന്നതായി കണ്ടു. എന്തുകൊണ്ടാണയാള്‍ അങ്ങനെ ചെയ്തതെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. അയാള്‍ ആ ഒരു പ്രവർത്തിയില്‍ ഒതുക്കിയത്തിനു സ്തുതി.
അന്നത്തെ സംഭവത്തിനു ശേഷം മറ്റൊരു നാള്‍ ഇതേ സംഭവം മറ്റെവിടെയോ മറ്റൊരാളില്‍ വിഷയമാക്കപ്പെട്ടു. കുടുംബത്തിലെ കഷ്ടതകളെക്കാളും നാട്ടിലെ കടങ്ങളെക്കാളും രാജ്യത്തിന്‌ വേണ്ടി ഗൾഫിൽ  പണിയെടുക്കുന്ന ഒരു രാജ്യസ്നേഹി അയാളുടെ ഏതോ സുഹൃത്തിന്റെ അനുഭവം എഴുതിയ ഫേസ് ബുക്ക്‌ പോസ്റ്റില് എന്റെ ഫോട്ടോ കുത്തിക്കയറ്റി. ജീവിതത്തിലെ എല്ലാ രസകരവും അല്ലാത്തതുമായ മുഹൂർത്തങ്ങള്‍ ക്യാമറയില്‍ പകർത്തുന്ന അസുഖമുള്ള ഒരാള്‍ ആയിരുന്നു ആ രാജ്യസ്നേഹി.  മൊബൈലില്‍ ക്യാമറ ഘടിപ്പിച്ചതിനു ശേഷം തുടങ്ങിയ രോഗമാണ്. അത്തരമൊരു രോഗത്തിന് അടിമയായ അയാളും ഉണ്ടായിരുന്നു അന്ന് ആ തീയേറ്ററില്‍. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ കുറ്റം ചുമത്തപ്പെട്ട നിമിഷത്തില്‍ ഞാന്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നതിനാല്‍ മൂപ്പര് എഴുന്നേറ്റ് നിന്നായിരുന്നോ എന്ന് ഞാന്‍ കണ്ടില്ല. ഞാന്‍ കണ്ടതേ പറയൂ എന്ന വാശിക്കാരന്‍ ഒന്നുമല്ല. ആ സമയം പുള്ളി എന്തായാലും എന്നെ പകർത്തുകയായിരുന്നു എന്ന് മാത്രം അറിയാം. എഴുന്നേല്ക്കാതെയോ അല്ലാതെയോ അയാള്‍ എന്റെ ചിത്രം പകർത്തി ദേശീയ ഗാനത്തിനോട് ആദരവ് പ്രകടമാക്കി. അങ്ങനെ നിശ്ചലമാക്കപ്പെട്ട ആ നിമിഷത്തെ ഫോട്ടോയാക്കി മാറ്റിയ അയാളുടെ പ്രവർത്തി മറ്റൊരു വ്യക്തി വഴി മറ്റൊരു സ്ഥലത്തേക്ക് കുടിചേർക്കപ്പെട്ടതും മറ്റൊരു കാരണമായി. അവിടേം ഇവിടേം എന്നുവേണ്ടാ എവിടേം ഞാന്‍ തന്നെ ചർച്ചാവിഷയമായി. ചർച്ച ഏറ്റെടുത്തവരെ ആരെയും ഞാന്‍ തീയേറ്ററിലോ പരിസരങ്ങളിലോ കണ്ടതായി ഓർക്കുന്നേയില്ല, എന്നിട്ടും ഞാന്‍ അവരെ ബഹുമാനിച്ചു. എവിടെയോ കേട്ടറിഞ്ഞ സംഭവത്തിനു അഭിപ്രായം പറയാന്‍ വന്ന ആ മനസ്സുകളെ ഞാന്‍ ആദരിച്ചു. നാളിതുവരെയുള്ള എന്റെ‍ ജീവിതത്തെ ഞാന്‍ അവരുടെ മുന്നില്‍ ഇറക്കിവെച്ചു. അങ്ങനെ ഞാന്‍ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെട്ടുകൊണ്ടെയിരുന്നു.എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഒടുങ്ങിയ വാർത്ത അറിയുമ്പോള്‍ അവസാനമായി എല്ലാവരും ചർച്ച ചെയ്യുമെന്ന ചിന്ത എന്നില്‍ ആനന്ദം ഉളവാക്കി. പുതിയ ആളുകള്‍ വീണ്ടും ചർച്ചാവിഷയങ്ങള്‍ ആകുകയും ചെയ്യും. ജീവനുള്ള ഒരു നിമിഷത്തിന്റെ നിശ്ചലദൃശ്യം ചരിത്രത്തില്‍ കടന്നുകൂടും. വിവാദചർച്ചകൾക്കിടയില്‍ ഞാന്‍ പലരാലും ഓർമ്മിക്കപ്പെട്ടു. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തെങ്കിലും ആര് ആരോക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നും എനിക്ക് മനസ്സിലാക്കാന്‍ ശേഷിച്ച നാളുകള്‍ എന്നെ അതില്‍ നിന്നും വഴിതിരിച്ചു.  തന്റെ ജീവിതം മറ്റുള്ളവര്‍ അവരുടെ ഇഷ്ടത്തിനു “CROP CIRCLE”ന്റെ മാതൃകകയിൽ  വെട്ടിനിരത്തിയ ഏതോ കരവിരുത് ആയെന്ന്‍ ഒരു  നെടുവീര്‍പ്പോടെ ഞാന്‍ മനസ്സിലാക്കി.(വിഡ്ഢിയുടെ ചിന്ത)

ഫോട്ടോ എടുത്ത തീയേറ്ററില്‍ നിന്നും സിനിമ കഴിഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി. ഭാര്യ അറിയാതെ കഴിച്ച മദ്യത്തിന്റെ വീര്യം പെട്ടന്നൊടുങ്ങിയതിനെക്കുറിച്ച് ഓർത്ത് ഞാന്‍ കാര്‍ സ്റ്റാർട്ട്‌  ‌ ചെയ്തു. പുറത്തുള്ള ബസ്സ്‌ സ്റ്റാന്റിനു മുന്നിലെ റോഡിലേക്ക് കാര്‍ മെല്ലെയിറങ്ങി. സ്റ്റാൻഡിൽ ഒരു ഫ്ലാഷ് മോബ് നടക്കുകയായിരുന്നു. ദൂരെയെവിടെയെക്കോ പിക്നിക്‌ പോകുന്ന കോളേജ് സംഘത്തിലെ കുട്ടികള്‍ ആണ് അതിനു പിന്നിലെന്ന്‌ തിരിച്ചറിഞ്ഞു. കട്ടനടിക്കാന്‍ കേറിയ സമയം കട്ടന്റെ കൂടെ കഞ്ചാവും അടിച്ച് കാണിക്കുന്ന കോപ്രായമായേ എനിക്ക് അതിനെ കാണാന്‍ കഴിഞ്ഞുള്ളൂ. അല്ലെങ്കില്‍ പിന്നെ രാത്രി ഇത്രേം വൈകിയ സമയം ആരുണ്ട്‌ ഇതിനൊക്കെ മെനക്കെടുന്നു. രാജ്യസ്നേഹത്തിന് സമയവും കാലവും പ്രത്യേകമായി ഭരണഘടനയില്‍ എഴുതി ചേർക്കാത്തതിനാല്‍ രാജ്യത്തെ ബുദ്ധിയുള്ളവരുടെ ഇടയില്‍ വിഡ്ഢിയായ എനിക്ക് എന്ത് വിഡ്ഢിത്തം വേണേലും തോന്നാം. അതിനെ തെറ്റ് പറയാന്‍ പറ്റില്ല. 'RESPECT NATION' എന്ന മുദ്രാവാക്യം ബാനറിന്റെ കമ്പിയില്‍ തൂക്കി ഉയർന്നുപൊങ്ങുന്ന കുട്ടികളെ സ്റ്റാന്റ് വിടും വരെ ഞാൻ രസിച്ചു. വൈകീട്ട് അത്താഴം കഴിക്കുന്ന സമയത്താണ് ഒരു സുഹൃത്തിന്റെ വിളി. വേഗം ന്യൂസ്‌ ചാനല്‍ വെക്കുക, ഒരു മണിക്കൂര്‍ ന്യൂസ്‌ അവര്‍ ചർച്ചയുണ്ടെന്നും പറഞ്ഞ് കുറെ വാക്കുകളെ കൊന്നിട്ടശേഷം സുഹൃത്ത്‌ ഓടിയൊളിച്ചു. ടിവിയിൽ  പക്ഷാഭേദ ന്യൂസ്‌ ചാനലിലെ  ന്യൂസ്‌ അവറില്‍ എന്റെ ചിത്രമടങ്ങിയ വാർത്ത‍. ലോകത്തെവിടെയോ ദേശീയ ഗാനത്തിനോട് അനാദരവ് കാണിച്ച വ്യക്തിയെക്കുറിച്ചുള്ള ചർച്ചാവേളയില്‍ എന്റെ ചിത്രം കാട്ടി എന്തൊക്കെയോ പുലമ്പുന്ന ഏതോ ഒരു പ്രവാസി.(സ്വയം സംസാരിക്കുന്ന വീഡിയോ ഇറക്കുന്നയാൾ) തെറ്റ് എന്റെ ഭാഗത്തുമുണ്ട്. ദേശീയ ഗാനം കേൾക്കുന്ന സ്ഥലത്ത് താൻ പോകാന്‍ പാടില്ലായിരുന്നു. സിനിമ കണ്ടില്ലെങ്കില്‍ ഇല്ലായെന്നല്ലേയുള്ളൂ, ഇതിപ്പോ അവസ്ഥ കൈവിട്ടുപോയീ.

വയനാട്ടില്‍ സ്വന്തമായി കൃഷിയിടമുള്ള സ്വന്തമായി രണ്ടു റിസോർട്ടുകള്‍ ഉള്ള ഒരു സുഹൃത്താണ് കേസില്‍ നിന്നും പുറത്തുചാടാന്‍ എന്നെ ആദ്യം സഹായിച്ചത്. മൂപ്പര് പറഞ്ഞത് പ്രകാരം ഞാന്‍ ഒരു വക്കീലിനെ പോയി കണ്ടു. കേസിന്റെ വിശദാംശങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ പുള്ളിയുടെ മൊബൈലിലേക്ക് നാലഞ്ചു കോളുകള്‍ വന്നു. റിങ്ങ്ടോണ്‍ ദേശീയ ഗാനമായതിനാല്‍ ആദ്യത്തെ കോളിന് ശേഷം വീണ്ടും കോള്‍ വരുമ്പോള്‍ ഞാന്‍ ബാത്ത്റൂമിലേക്ക്‌ ഓടിക്കയറാന്‍ ശീലിച്ചു. ഇതിനിടയില്‍ എങ്ങനെയോക്കെയോ ഞാന്‍ എന്റെ പക്ഷം പറഞ്ഞു തീർത്തു. മറുപടി പറയാന്‍ ആയി തുടങ്ങുന്നത്തിനിടയില്‍ വക്കീല്‍ മൊബൈല്‍ ഓഫ്‌ ചെയ്തിരുന്നു. പാവം എഴുന്നേറ്റ് നിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാകും.
സിനിമയില്‍ ദേശീയഗാനത്തിന്റെ  ഈണം വാദ്യോപകരണങ്ങളില്‍ നിന്നും മാത്രമായിരുന്നു എന്നത് ഒരു പഴുതാണെന്നും അതില്‍ പിടിച്ചു കയറാമെന്നും അദ്ദേഹം എനിക്ക് ഉറപ്പുതന്നു. ഈണത്തോടും വരികളോടും കൂടിയ ദേശീയതയെ അദ്ദേഹം നിയമപുസ്തകങ്ങളില്‍ കുത്തിയിരുന്ന് തിരയുന്ന വക്കീലിനെ ഒളികണ്ണുകളോടെ ചൂഴ്ന്നുകൊണ്ട് ഞാന്‍ അവിടുന്ന് പടിയിറങ്ങി. കേസ് വിശദമായി പഠിച്ചിട്ട് വിളിക്കാമെന്ന വക്കീലിന്റെ വാക്കുകളെ ദേശീയഗാനം പോലെ എന്റെ കാതുകളില്‍ മുഴങ്ങി.
കയറിക്കൂടിയ ബസ്സിലെ FM റേഡിയോവിലും ചർച്ച ദേശീയത തന്നെ. അത് കേൾക്കുകയും എന്നെ കാണുകയും കൂടിയിട്ടാവണം ബസ്സിലെ ആളുകളുടെ മുഖത്തെ പേശികള്‍ വരിഞ്ഞു മുറുകിയതായി എനിക്ക് തോന്നി. വീട്ടിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ദേശീയഗാനം അലയടിച്ചു. ചലിക്കുന്ന ശരീരത്തിനെ പിടിച്ചു നിർത്തി ആദരവ് കാണിച്ചാല്‍ വീടെത്താന്‍ വൈകുമെന്ന ഒറ്റ കാരണത്താല്‍ ഞാന്‍ ഗാനം തീരും മുൻപ് വീട് കാണാന്‍ കിണഞ്ഞു പരിശ്രമിച്ചു. വീട്ടില്‍ കടന്നുകൂടിയ ശേഷം ഭാര്യയെ മാറ്റിനിർത്തി ദേശീയഗാനത്തിലെ പഴുത് ഞാന്‍ പങ്കുവെച്ചു. എന്റെ അത്രയും സന്തോഷിച്ചില്ലെങ്കിലും അവളില്‍ ഒരു ആശ്വാസം ഞാന്‍ കണ്ടു.
ഗാനമെന്നത് വരിയും താളവും കൂടി ചേർന്നെതാണെന്നും അതില്‍ വരിയോ താളമോ ഏതെങ്കിലും ഒന്നില്ലായെങ്കില്‍ അതിനെ ഗാനമെന്ന്‍ വിശേഷിപ്പിക്കാന്‍ കഴിയില്ലായെന്നും ഉറക്കെ വിളിച്ചുകൂവുന്ന വക്കീലിനെ കോടതിയിലെ കൂട്ടത്തില്‍ തികഞ്ഞ ആരാധനയോടെ ഞാന്‍ നോക്കി നിന്നു. കോടതി ദിനങ്ങൾ ശീലമായ ഒരു രാത്രിയില്‍ ആകെ മരവിപ്പോടെ ഞാന്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു. പിറ്റേന്ന് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്തതിന്റെ അമർഷത്തെ കുറെ നേരം അങ്ങനെയിരുത്തി. ഡൽഹിയിലെ ഒരു മാധ്യമ സുഹൃത്തിനെ വിളിച്ചു ഞാന്‍ പരിചയം പുതുക്കി. ഏതോ ചർച്ചാമുറിയില്‍ വെച്ച് കണ്ട പരിചയം അയാളുടെ  തലച്ചോറില്‍ കുത്തിക്കയറ്റാന്‍ ഞാന്‍ ശ്രമിച്ചു. എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കില്‍ നിന്നും എന്നെ രക്ഷപെടുത്തണമെന്നു ഞാന്‍ അയാളോട് യാചിച്ചു. രാജ്യം,സ്നേഹം,ആദരവ്. ഇതൊക്കെ വലിയ സംഭവങ്ങള്‍ ആണെന്ന് അയാള്‍ എനിക്ക് പറഞ്ഞുതന്നു. എല്ലാം തലയാട്ടി കേട്ടെങ്കിലും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ ഫേസ്ബുക്ക് അക്കൗണ്ടിനെ പൊടിതട്ടിയെടുത്തു.

“ബുദ്ധിമാന്മാുരുടെ ഇടയില്‍ ജീവിച്ചിരുന്ന വിഡ്ഢിയ്ക്ക് ഒരു ദിവസം, ഒരു അബദ്ധം പറ്റി. പറ്റിയത് അബദ്ധമാണെന്ന് ബുദ്ധിമാൻമാർക്കല്ലേ  അറിയൂ. അതിനു വിഡ്ഢിയെ എന്തിന് പഴി പറയുന്നു.”

മേൽപ്പറഞ്ഞ പോസ്റ്റിനുശേഷം സത്യം പറഞ്ഞാല്‍ എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നില്ല. പോസ്റ്റിനു താഴെ അവനവന്റെ  സ്വകാര്യതകളില്‍ നിന്നും നിരവധിപ്പേര്‍ അവരുടെ ആശയങ്ങള്‍ പങ്കുവെച്ചു. പ്രധാനമായും എന്റെ മുൻകാല സംഭവങ്ങളിലെ എന്നെയും അവര്‍ തങ്ങളുടെ ആശയങ്ങളില്‍ കുത്തിത്തിരുകി. ഏതെങ്കിലും ഒരു മനുഷ്യജീവന്‍ അന്ത്യശ്വാസം വലിക്കുന്ന സമയം അയാളെയും എടുത്തു ആശുപത്രിയിലേക്ക് ഓടുന്നതിന് പകരം ദേശസ്നേഹം കാണിക്കണോ എന്നുവരെയുള്ള ആശങ്ക ഒരാള്‍ പ്രകടിപ്പിച്ചു. പിന്നീട് ആ ആശങ്കയില്‍ കയറിയായിരുന്നു ബാക്കിയുള്ളവരുടെ കസർത്ത്. ദേശീയഗാനം കേൾക്കുന്ന സാഹചര്യങ്ങള്‍ ഭരണഘടനയില്‍ വിശദമായി വർണ്ണിക്കാത്ത പക്ഷം യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിയുടെ തലയില്‍ നിന്നും എളുപ്പത്തില്‍ കുറ്റം മാറ്റാമെന്ന ആശയവുമായി മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങള്‍ എല്ലാത്തിനെയും കാർന്നുതിന്നു. കുടുംബത്തിനോടുള്ള അടുപ്പം കുറഞ്ഞുവരുന്നു. വിഷാദരോഗത്തിന്റെ  മരുന്നുകളോടുള്ള പ്രണയം കൂടിവന്നു. പോകെ പോകെ രാജ്യം വിടാനുള്ള തീരുമാനത്തില്‍ വരെയെത്തി. എന്നാല്‍, ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യം വിട്ട് നമുക്ക് പോകണ്ട എന്നാ മകന്റെ ചോദ്യത്തിനു മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. മനസ്സ് തെറ്റ് ചെയ്താല്‍ ശരീരം തെറ്റ് ചെയ്യും വരെ കാത്തിരിക്കണം. എന്നാലെ തെളിവുകള്‍ കിട്ടൂ. തെറ്റ്, ആപേക്ഷികമായത് എല്ലാവർക്കും തങ്ങളുടെ അഭിപ്രായം മുന്നിനിർത്തി ആരോപണങ്ങള്‍ പറയുവാന്‍ വേണ്ടിയായിരുന്നു എന്ന് തോന്നുന്നു. തന്റെ ശരീരം തെറ്റ് ചെയ്തുവെന്ന് മറ്റുള്ളവര്‍ പറഞ്ഞു വിശ്വാസമായി. ദേശീയഗാനത്തിന്റെറ സംഗീതം കേട്ടപ്പോള്‍ എഴുന്നേറ്റില്ല.(വരികള്‍ ഇല്ലായെന്ന പഴുത് കോടതിയില്‍ ഇപ്പോഴും ചർച്ചാവിഷയമായതിനാല്‍ ഇവിടെ പരാമർശിക്കുന്നില്ല.)
ശരീരത്തെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച ചേതോവികാരം മനസ്സില്‍ എങ്ങനെ കയറിക്കൂടി എന്നായിരുന്നു അടുത്ത ചിന്ത. വായന,യാത്ര,അനുഭവം, സംഭാഷണങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും പങ്കുണ്ട് എന്ന് ബോധ്യമായി. സ്വന്തം ജീവിതം എന്തെന്ന് മറ്റുള്ളവരുടെ ജീവിത പുസ്തകങ്ങളിലൂടെ വായിച്ചു മനസ്സിലാക്കിയവരുടെ കൂട്ടത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവരുടെ ജീവിതത്തെ താരതമ്യം ചെയ്തതുമില്ല. ഇതൊക്കെയാകാം തെറ്റിനു പിന്നിലെ കാരണങ്ങള്‍ എന്ന് മന:പ്പൂർവമായി ഞാന്‍ ആശ്വസിച്ചു. ജീവിതത്തിനെ ഇപ്പോള്‍ നോക്കി കാണുമ്പോള്‍ ഏണിയും പാമ്പും കളിയിലെ അവസ്ഥ ഓർമ്മ വരുന്നു. ഇപ്പോഴുള്ള അവസ്ഥയെ തൊണ്ണൂറ്റിയൊമ്പതില്‍ നിന്നും പാമ്പ് വിഴുങ്ങി പന്ത്രണ്ടില്‍ എത്തിയതായിട്ടെ കാണാന്‍ സാധിക്കൂ. ഇനിയും ആവർത്തിച്ചു കളിച്ചു വന്നെങ്കില്‍ മാത്രമേ എവിടെയെങ്കിലും ഒക്കെ എത്താന്‍ സാധിക്കൂ എന്ന തിരിച്ചറിവ് പിന്നീടുള്ള നിമിഷത്തിനെ നയിച്ചു. സിനിമാ കാണല്‍ വെറും ഒരു സാഹചര്യമായും തീയേറ്റര്‍ സാഹചര്യതെളിവിന് സഹായകരമായ മുറിയായും എഴുന്നേറ്റ് നിൽക്കാത്തത് കൊടുംപാതകമായും നിലനില്ക്കെ  ഒന്നുംതന്നെ പന്ത്രണ്ടിലെ ജീവിതത്തിന് മുന്നോട്ട് പോകാന്‍ ധൈര്യം തരുന്നില്ല.
ദേശീയഗാനത്തിലെ വരികള്‍ എഴുതാതെയും അത് ആലപിക്കുന്നവര്‍ ദേശീയത കൊണ്ട് മൗനം പാലിക്കുകയും ആലാപനത്തിന് സംഗീതം നൽകുന്നവര്‍ രാജ്യസ്നേഹത്താല്‍ നിശ്ചലരാകുകയും ചെയ്തിരുന്നെങ്കില്‍ ദേശീയഗാനമേ ഉണ്ടാവുകയില്ല എന്ന ആശ്വാസത്തെ കൂട്ടുപിടിച്ച് ആ രാത്രി നേരത്തെ കിടന്നുറങ്ങി.(നാളെ ചെയ്തു തീർക്കാന്‍ ജീവിതത്തില്‍ മറ്റു ചില കാര്യങ്ങള്‍ ഉണ്ട്.)

By:- VSB

Saturday, November 20, 2010

Mumpil Ayaal; Purakil Njaan ( Short Story Part 1)

മുന്‍പില്‍ അയാള്‍; പുറകില്‍ ഞാന്‍

''ഞങ്ങള്‍ അഞ്ചുപേരും പതിനെട്ടു രൂപയില്‍ തൃപ്തരാണ്.. നേഴ്സും സിവിലും കൂടി ഓരോരോ സിഗരെറ്റില്‍ രണ്ടര രൂപാവീതം നിക്ഷേപിച്ചു. ഞാന്‍ ഉപ്പിട്ട ഒരു സോഡാ നാരങ്ങാവെള്ളം കുടിച്ചു.., സേഫ്റ്റിയും  സുന്ദരനും കൂടി ഈരണ്ടു പഴം വീതം തിന്നുന്നു. പോരാത്തതിന് നാരങ്ങാവെള്ളത്തില്‍ ഒഴിക്കാനായി ഞാന്‍ മാറ്റിവെച്ച സോഡയും ഇരുവരും പങ്കിട്ടു. നേഴ്സ്നു  ചുറ്റുപാടുകളിലാണ്, ശ്രദ്ധ എങ്കില്‍ സിവില്‍ സിഗരെറ്റില്‍ത്തന്നെ... സുന്ദരന്‍ വഴിയെ പോകുന്ന ഒരു തെരുവ് നായയെ ശ്രദ്ധിക്കുന്നു., സേഫ്റ്റിയുടെ കാര്യം കൃത്യമായിട്ടറിയില്ല. പുള്ളിയുടെ കാര്യത്തില്‍ അത്ര വലിയ കാര്യമായിരിക്കില്ല. എന്തെങ്കിലുമൊക്കെ ചിന്തിക്കുന്നുണ്ടാവും.., ഇന്നതുതന്നെ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ഞാന്‍ നാല് പേരെയും പഠിക്കുന്നു., വേറെന്തു ചെയ്യാന്‍..!

          ആര്‍ത്തിയിട്ട് കുടിച്ച സോഡയുടെ ഗ്യാസ്, സേഫ്റ്റിയുടെ ചിന്താശകലങ്ങളെ മറികടന്നു പുറത്തു വരുന്നൂ... ഞങ്ങളില്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല., മാറുന്നത് ലോകമാണ്., മാറ്റമൊഴിഞ്ഞിട്ടു നേരമില്ലതാനും..!

      ഞങ്ങള്‍ മൊത്തം അഞ്ചുപേര്‍.. ഏകദേശം ഒരേ നാട്ടുകാര്‍, ചിലര്‍ സഹപാഠികള്‍, മറ്റു ചിലര്‍ പരിചയക്കാര്‍, സേഫ്റ്റി ഒഴികെ ഞങ്ങള്‍ നാലുപേര്‍ ഒരേ പ്രായക്കാര്‍.പക്വത കൊണ്ട് സേഫ്റ്റി തീരെ ഇളപ്പവും... 
            കൂട്ടത്തില്‍  ഞാന്‍, ബിരുദ വിഷയങ്ങളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ട് അതിന്‍റെ പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം; ജീവിതത്തിലെ പുതിയ പരീക്ഷണങ്ങല്‍ക്കായും.. തടിയന്‍.!, എത്ര മറച്ചുവെച്ചാലും കുറേനേരം സംസാരിക്കുമ്പോള്‍ തനിയെ പുറത്തു വരുന്ന ഒരുതരം വൈകല്യത്തിനുടമസ്ഥന്‍. കറുപ്പോ വെളുപ്പോ എന്ന് ഞാന്‍  എങ്ങനെ കൃത്യമായി പറയും, കാരണം, എന്നെ  ഞാന്‍ കാണുന്നേയില്ലല്ലോ.. പക്ഷെ, ഒന്നറിയാം; ഞാന്‍ മാറിയിട്ടില്ല. എന്നാല്‍ സുന്ദരന്‍റെ കാര്യമങ്ങനെയല്ല., എന്നെ സംബദ്ധിച്ചടത്തോളം ഓരോ നിമിഷത്തിലും അവന്‍ മാരിക്കൊണ്ടിരിക്കുന്നു. ഒരു നിമിഷം എനിക്ക് പ്രിയപ്പെട്ടവനെങ്കില്‍., മറുനിമിഷം വിരോധിയാകും. അതിന്‍റെ രഹസ്യം അറിയുന്ന നാള്‍ പരസ്പരം വേര്‍പിരിയും എന്നതാണ് വാസ്തവം.

            ഞാനും അവനും ഒരേ തോണിയിലെ ഒരേ തൂവല്‍പക്ഷികള്‍.... ഒരു ചെറിയ വ്യത്യാസമെന്തെന്നാല്‍., എനിക്ക് ബിരുദവിഷയങ്ങളില്‍ മൂന്നു തൂവലുകള്‍ നഷ്ടമായി; അവന് ഒന്നും.. ഫലത്തില്‍ എല്ലാം ഒന്നുതന്നെയാണെന്ന് ഇപ്പോള്‍ തോന്നുന്നു. അവന്‍ നല്ലവനാ.. അധ്വാനിക്കുന്ന നേരത്ത് അദ്ധ്വാനിക്കുകയും ബാക്കി സമയം മടിച്ചിരിക്കുകയും ചെയ്യും. കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ എന്ന് ഭാവം. അവന്‍റെയുള്ളിലെ ആ സ്വഭാവം എനിക്കേ അറിയാവൂ... വഴിയെ പോകുന്ന പട്ടിയെ കാണുകയെങ്കില്‍ തന്‍റെ സൗന്ദര്യവുമായി തട്ടിച്ചു നോക്കുന്ന സുന്ദരനായ പാവം.!


            സിവിലിനെ എനിക്ക് കുറെയൊക്കെ അറിയാം.., അല്ലാ., അതു കള്ളമാണ്, ശരിക്കും അറിയാം. എനിക്കേറ്റവും പ്രിയപ്പെട്ടവന്‍. ആളിലെ ചില ശീലങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ കൂട്ടത്തിലെ ഏറ്റവും സമര്‍ഥന്‍. എന്നാല്‍ ഇതേ ശീലങ്ങള്‍ അവനെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നു... എന്നില്‍ നിന്നവന്‍ അകലില്ലാ., എന്റെ സത്യമുള്ള ഒരുതരം പ്രത്യാശ. സിവില്‍ എന്നാ വിഷയത്തില്‍ ഒരുമാതിരി അറിവ് നേടിയവന്‍., ആഗ്രഹം മറ്റൊന്നും.. അതു ആരുമായും പങ്കുവെയ്ക്കില്ല.., കുറെയൊക്കെ എനിക്കറിയാമെങ്കിലും ഞാനത് പുറത്തു പറയുകയുമില്ല.


       നേഴ്സ് ശരിക്കും പൂച്ചയാണ്.. നല്ല ഒന്നാതരം കണ്ടന്‍പ്പൂച്ച. ഞങ്ങളറിയാതെ അവന്‍ ഇഷ്ടംപോലെ പാലുകുടിച്ചിട്ടുണ്ട്.. അവന്‍റെ വിചാരം,ഞങ്ങള്‍ക്കറിയില്ല എന്നാണ്. ഞങ്ങള്‍ക്കവനെ നഷ്ടമായാലോ എന്ന് ഭയന്ന്, ഞങ്ങളത് തിരുത്താനും പോയിട്ടില്ല.. ഞങ്ങള്‍ അവന്‍റെ ജീവിതത്തില്‍ ഇല്ലായിരുന്നെങ്കില്‍, ഇതിനോടകം അവന്‍ ശരിക്കും മറ്റൊരാളായേനെ.. ഇന്നാര്‍ക്കും അറിയാത്ത മറ്റൊരാള്‍..! ആളിപ്പോള്‍ ആരോഗ്യ മേഖലയില്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.

            
            സേഫ്റ്റി, ഞങ്ങള്‍ക്കെല്ലാം ചേട്ടനെ പോലെയാണ്.. പ്രായം കൊണ്ടു മാത്രം.. പുതിയ വിദ്യാഭ്യാസപരിഷ്കരണ സമ്പ്രദായത്തില്‍
ഒന്നായ സേഫ്റ്റി എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ്, മൊബൈല്‍ ജീവിതം., മറ്റെന്തൊക്കെയോ അനുഭവങ്ങള്‍ നല്‍കുന്നു. ആരുമായും പങ്കുവെക്കാന്‍ പറ്റാത്ത ഒരുതരം പ്രത്യേകതരം അനുഭവം. ആള് ശുദ്ധനാണ്. പക്ഷെ ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്നാണ് പഴമൊഴി., നാളിതുവരെ അങ്ങനെയൊന്നു ഉണ്ടായിട്ടില്ല..

               ലഹരിക്കും മേലെയുള്ള കുറെ പുക മേഘങ്ങളില്‍ പരിസരം മുറുകുന്നു.
         സിഗരെറ്റ് എരിഞ്ഞമര്‍ന്നു...! നാരങ്ങവെള്ളം പതഞ്ഞുതീര്‍ന്നു...!
സോഡ പ്രത്യേകതരം വായുവായി മാറി...! 


               പഴങ്ങള്‍ അപ്രത്യക്ഷമായി; തൊലികള്‍ പ്രത്യക്ഷവും...!


                ഐവര്‍ക്കൂട്ടം കവലയില്‍ തുടരുന്നു.... ബാക്കി കിട്ടിയ  അമ്പതുപൈസാതുട്ട് ഞങ്ങളുടെ വിഹാരകേന്ദ്രമായ നാല്‍ക്കവലയിലെ ഞങ്ങള്‍ നില്‍ക്കുന്ന പെട്ടിക്കടക്ക് സമീപത്തുള്ള വിശുദ്ധമാതാവിന്‍റെ കുരിശ്ശടിയിലേക്ക് ഊര്‍ന്നുപോയി.




                     ഞങ്ങള്‍ അടുത്ത പതിനെട്ടിന്‍റെ നോട്ടുകളും, ചില്ലറകളും സ്വപ്നം കണ്ടു.


                                                                                (തുടരും...)

Friday, November 19, 2010

Introduction of Visham Theendiyavar (Novel)

"വിഷം തീണ്ടിയവര്‍"  

ഒരു പരിധി വിട്ട് പോകാന്‍ ജീവിതത്തിനു സാധിക്കില്ല, അത് അങ്ങനെ നമ്മളെ വിട്ട് എങ്ങും പോകില്ല. അഥവാ അങ്ങനെ പോയാല്‍ ആ പോകലിന്  ഒരു അര്‍ഥവും ഇല്ല. ഒരു മടങ്ങി വരവും ഉണ്ടാകില്ല അതിന്.., അത് അങ്ങനെ പൊയ്ക്കൊണ്ടിരിക്കും. ആ സമയങ്ങളില്‍ തോന്നും ശരീരത്തില്‍ വിഷം തീണ്ടിയെന്നു.. യഥാര്‍ത്ഥത്തില്‍ അത് എപ്പോഴൊക്കെയോ സംഭവിച്ചിരിക്കുന്നു. ആ ഉണങ്ങാത്ത വിഷപ്പടുമായി അങ്ങനെ ഒരു യാത്ര തുടരുന്നു....

കുറെ പേരുള്ള ആ സംഘത്തിനു ഒരു വിളിപ്പേരും.... 
"വിഷം തീണ്ടിയവര്‍"